കൊച്ചി : സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവർഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ട്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്‍റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നൽ പ്രളയം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങൾ. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
അറബിക്കടലിന്‍റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിൽ. വിദേശ സർവകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.