തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായി വകുപ്പ്തല അന്വേഷണ റിപ്പോർട്ട്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ഈ മാസം 20 ന് പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകിയത്.
ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്‍റ് ചെയ്തിരുന്നു. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്‍റെ വിശദീകരണം. ബെന്നിച്ചന്‍റെ സസ്പെൻഷനിനെതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു. സമ്മർദ്ദങ്ങളെ തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു. ബെന്നിച്ചൻ തോമസിന്‍റെ വിശദീകരണം ശരിവയ്ക്കുന്ന വനം സെക്രട്ടറി, ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. പക്ഷെ ബെന്നിച്ചൻ പൂർണമായും അന്വേഷണ റിപ്പോർട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാൽ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
റിപ്പോർട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവൻ വിമരിച്ചാൽ ഏറ്റവും സീനിയറായ ഐഎഫ്എഫ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ്. വകുപ്പ്തല അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കിയാൽ മാത്രമേ പുതിയ വനംമേധാവി കണ്ടെത്താനുള്ള യോഗത്തിൽ ബെന്നിച്ചനെ പരിഗണിക്കാൻ കഴിയൂ. ഈ മാസം 20നാണ് യോഗം. ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലെത്തും. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30ന് വിമരിക്കും.