കോഴിക്കോട്: പൊതുവേദികളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന സമസ്തയുടെ നിലപാടിനോട് മുസ്‍ലിം ലീഗ് യോജിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കണമെന്ന് ഐ.എൻ.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
പൊതുസമൂഹത്തോടും അണികളോടും വിശദീകരണം നല്‍കാന്‍ ലീഗ് ബാധ്യസ്ഥമാണ്. കാരണം, പെണ്‍കുട്ടികളുടെ പൊതുവേദി പ്രവേശനം സമസ്തയുടെ കീഴ്വഴക്കമല്ല എന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കിയ കഴിഞ്ഞദിവസത്തെ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗത്തില്‍ സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷന്‍ കൂടിയാണ്.
മുതിര്‍ന്ന വിദ്യാര്‍ഥികളെ മദ്റസയുമായി ബന്ധപ്പെട്ട ചടങ്ങില്‍നിന്നുപോലും മാറ്റിനിര്‍ത്തണമെന്ന നിലപാട് സമസ്ത മുറുകെ പിടിക്കുമ്പോള്‍ തന്നെയാണ് മുസ്‍ലിം ലീഗിന്റെ വേദികളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുക്കുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും ചാനൽ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതുമെല്ലാം. ഇത് സമസ്തയുടെ പ്രഖ്യാപിതനയത്തിന് എതിരല്ലേ എന്നും കാസിം ഇരിക്കൂര്‍ ചോദിച്ചു.