നേപ്പാൾ : പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച്ച നടത്തി. ജലവൈദ്യുതി, വികസനം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്ന വിഷയത്തിലാണ് ചർച്ച നടന്നത്. അടുത്തിടെ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകൾ സംബന്ധിച്ച് അവലോകനവും നടന്നു. ബുദ്ധ പൂർണിമ ദിനത്തിൽ നേപ്പാളിലെ ജനതക്കൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.
നേപ്പാള്‍ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ ഒരു മാസം മുൻപ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര വിശ്വാസവും നയതന്ത്ര ബന്ധങ്ങളും മെച്ചപ്പെടുത്താൻ സന്ദർശനം സഹായിച്ചുവെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ.