ലഖ്നോ: മഥുര കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻ വാപി മസ്ജിദിന്റെ വീഡിയോ സർവേ പൂർത്തിയായി. മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവായി. വാരണാസി കോടതിയുടേതാണ് ഉത്തരവ്. മഅ്ജിദിനുള്ളിലെ കിണറ്റിൽനിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ്.
വീഡിയോ സർവേക്കെത്തിയ കമ്മീഷൻ മസ്ജിദിൽ അംഗ സ്നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് അഭിഭാഷകനായ വിഷ്ണു ജയിന്റെ വാദം. ശിവലിംഗം സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചതായി ആജ് തക്, ഇന്ത്യ ടുഡേ എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
മസ്ജിദിനനുമേൽ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാൽ, കമ്മീഷൻ അംഗങ്ങൾ ഇതുവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. അതേസമയം, സർവേ സംഭവ വിഭാഗങ്ങൾ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങൾക്കും ബി.ജെ.പി തുടക്കമിട്ടു.
ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘ബുദ്ധപൂർണിമ നാളിൽ തന്നെ ഗ്യാൻ വാപിയിൽ ബാബ മഹാദേവന്റെ വിഗ്രഹം കണ്ടെത്തിയത് രാജ്യത്തിന്റെ ശാശ്വതമായ ഹൈന്ദവ പാരമ്പര്യത്തിന്റെ പുരാണ സന്ദേശത്തിന് ഉദാഹരണമാണ്’ -മൗര്യ ട്വീറ്റ് ചെയ്തു.