തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.
വൻ പ്രതിഷേധങ്ങൾ, കടുത്ത രാഷ്ട്രീയ വിവാദങ്ങൾ, സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വേ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.