ജറുസലം: പലസ്തീൻ – അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കുനേരെ ഇസ്രയേൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെ രാജ്യാന്തര പ്രതിഷേധം. പലസ്തീനിലെ 12 ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മ അതിക്രമത്തെ അപലപിച്ചു.
വെള്ളിയാഴ്ച കിഴക്കൻ ജറുസലമിലെ സെന്റ് ജോസഫ് ആശുപത്രിയിൽനിന്നാണ് ഗ്രീക്ക്–മെൽകൈറ്റ് മംഗളവാർത്ത കത്തീഡ്രലിലേക്കു മൃതദേഹപേടകം ചുമന്നുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടത്. പലസ്തീൻ പതാകകൾ വീശി ആയിരങ്ങൾ പങ്കെടുത്ത വിലാപയാത്ര തടഞ്ഞ പൊലീസ് മൃതദേഹ പേടകം ചുമന്നവരെ അടക്കം മർദിച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച ഇസ്രയേൽ പൊലീസിന്റെ നടപടി മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജറുസലം പാത്രിയർക്കീസ് ആർച്ച് ബിഷപ് പീർബാറ്റിസ്റ്റ പിസബല്ല പ്രസ്താവിച്ചു.കഴിഞ്ഞ ബുധനാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രയേൽ പൊലീസിന്റെ വെടിയേറ്റാണു അൽ ജസീറ ടിവി റിപ്പോർട്ടറായ ഷിറീൻ കൊല്ലപ്പെട്ടത്. കിഴക്കൻ ജറുസലമിൽ ജനിച്ച ഷിറീനു യുഎസ് പൗരത്വമുണ്ട്.