നിലമ്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകത്തിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയെയും കൂട്ടാളികളെയും പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരാണ് ജയിലിലുള്ളത്. നൗഷാദിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കി. നൗഷാദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ തുടർച്ചയായാണ് ഷൈബിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്യുക.
ഇതിനുപുറമെ, കൊലപാതകം നടന്ന കാലയളവിൽ ഷൈബിനുമായി അടുത്തബന്ധം സ്ഥാപിച്ചവരെയും ഷൈബിന്റെ വീട്ടിൽ ഒന്നിലധികം തവണ സന്ദർശനം നടത്തിയ പ്രദേശവാസികളെയും പൊലീസ് ചോദ്യംചെയ്യും. വൈദ്യനെ ഷൈബിന്റെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച വിവരം ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് അറിയാമായിരുന്നെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണുകൾ സൈബർ സെൽ സഹായത്തോടെ പരിശോധിക്കും. ഷൈബിന്റെ വീട്ടിലെയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി കാമറകളും പരിശോധിക്കും.
വൈദ്യന്റെ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയും അറക്കവാളും മറ്റ് ആയുധങ്ങളും മരക്കഷ്ണവും കണ്ടെത്തേണ്ടതുണ്ട്. ഇവ വാങ്ങിയതും ശേഖരിച്ചതുമായ ഇടങ്ങൾ പൊലീസ് കണ്ടെത്തി. മൃതദേഹഭാഗങ്ങൾ ചാലിയാർ പുഴയിൽ എറിഞ്ഞെന്നാണ് പ്രതി നൗഷാദ് നൽകിയ മൊഴിയെങ്കിലും ഇത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ ഷൈബിൻ അഷ്റഫിന്റെ സാന്നിധ്യത്തിൽ തന്നെ മുക്കട്ടയിലെ വീട്ടിലെ ടാങ്കുകൾ പൊളിച്ച് പരിശോധന നടത്തും.