തിരുവനന്തപുരം : സംസ്ഥാനത്ത് 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. പലയിടത്തും മഴ ഉണ്ടെങ്കിലും വോട്ടർമാർ ബൂത്തിലേക്കെത്തുന്നതിനെ അത് തടസ്സപ്പെടുത്തിയിട്ടില്ല. പലയിടത്തും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
12 ജില്ലയിലായി രണ്ട് കോർപ്പറേഷൻ, 7 മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 79 സ്ത്രീകൾ അടക്കം 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 77,634 വോട്ടർമാരാണുള്ളത്. 94 ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ഫലം നിർണായകമായ എറണാകുളത്ത് കൊച്ചി കോർപ്പറേഷൻ ഉള്‍പ്പെടെ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗണ്‍, വാരപ്പെട്ടിയിലെ മൈലൂര്‍, കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തിലുൾപ്പെടുന്ന മുഴപ്പിലങ്ങാടിയിൽ നടക്കുന്ന വോട്ടെടുപ്പും ശ്രദ്ധേയമാണ്. ആറാം വാർഡായ തെക്കേ കുന്നുംപ്രത്തെ ഫലം, പഞ്ചായത്ത് ആരും ഭരിക്കും എന്ന് തീരുമാനിക്കുന്നതിൽ നിർണായകമാണ്. നിലവിൽ എൽഡിഎഫ് 5, യുഡിഎഫ് 5, എസ്‍ഡിപിഐ 4 എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷിനില.
കോട്ടയത്ത് ഏറ്റുമാനൂർ നഗരസഭയിലും ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. ബിജെപി അംഗം ജോലി കിട്ടിപ്പോയ ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത വാഡ് തിരിച്ചുപിടിക്കാൻ വാശിയേറിയ പ്രചാരണമാണ് സിപിഎം മുപ്പത്തിയഞ്ചാം വാർഡിൽ നടത്തിയത്.