തിരുവനന്തപുരം : കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് ഉള്ളത്. മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ടാണുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം ഇതിനോടകം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ ഗുരുവായൂര്‍ , ചാവക്കാട് , അന്തിക്കാട് മേഖലകളിലെ മൂന്ന് വീടുകള്‍ തകര്‍ന്നു. ആളപായമുണ്ടായിട്ടില്ല.
അതിനിടെ കോട്ടയം കിടങ്ങൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും ആല്‍മരം കടപുഴകി വീണു. കിടങ്ങൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമതിലിനും ഓഫിസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. ഒരുമനയൂര്‍, പുന്നയൂര്‍ക്കുളം, അന്തിക്കാട്, പടിയം എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. ഒരുമനയൂര്‍ വില്ല്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് ഭാഗികമായി തകര്‍ന്നത്. ആളപായമില്ല. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി. മഴയില്‍ പുന്നയൂര്‍ക്കുളത്ത് മൂത്തേടത്ത് രവീന്ദ്രന്റെ വീടും മഴയില്‍ തകര്‍ന്നു.