തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം എതിർക്കുന്നത് സങ്കുചിത രാഷ്‌ട്രീയം മാത്രം നോക്കിയാണെന്നും ആ രാഷ്‌ട്രീയ എതിർപ്പിന്റെ മുന്നിൽ കീഴടങ്ങില്ലെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . അതേസമയം പദ്ധതിക്കായി സ്‌ഥലം വിട്ടുകൊടുക്കുന്നവരെ ഒരിക്കലും കണ്ണീർകുടിപ്പിക്കില്ല. അവരെ വിശ്വാസത്തിലെടുത്തിട്ടെ പദ്ധതി നടപ്പാക്കൂ. അവരുടെ കൂടെ സർക്കാരുണ്ടാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. കെ റെയിൽ പെട്ടെന്നുണ്ടായ പദ്ധതി അല്ല. യുഡിഎഫ് സർക്കാർ ആലോചിച്ച പദ്ധതിയാണ് ഹൈസ്‌പീഡ് റെയിൽ കോറി ഡോർ. അതിന് മുന്നേ വി എസ് സർക്കാരും അതിവേഗ പാതയെ കുറിച്ച് ആലോചിച്ചിരുന്നു.
ഉമ്മൻചാണ്ടി സർക്കാർ 118000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരികയെന്ന് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിളിച്ച യോഗത്തിൽ ആവശ്യമായ ധനം സമാഹരിക്കാൻ കഴിയോമെന്നും എങ്കിൽ മുന്നോട്ട് പോകാമെന്നും അന്നേ എൽഡിഎഫ് സമ്മതിച്ച കാര്യമാണ്. എന്തുകൊണ്ടോ യുഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയില്ല. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ സെമി ഹൈസ്‌പീഡ് പദ്ധതിയാണ് ആലോചിച്ചത്. 84000 കോടി രൂപ മതിയാകും. പാരിസ്‌ഥിതിക ആഘാതവും കുറവാണ്. എന്നാൽ പദ്ധതിയെ എതിർക്കുന്നവർ ഇത് ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്.
അതായത് എൽഡിഎഫ് ഭരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ വേണ്ട. അതാണ് അവരുടെ സങ്കുചിത രാഷ്‌ട്രീയം. കെപിസിസി പ്രസിഡന്റ് തന്നെ ഇത് പറഞ്ഞല്ലോ. ഇത് വികസനത്തെ തടസ്സപെടുത്തുന്ന സമീപനം ആണ്. ആ രാഷ്‌ട്രീയ എതിർപ്പിന് മുന്നിൽ കിഴടങ്ങില്ല. ശാസ്‌ത്ര സാഹിത്യ പരിക്ഷത്ത് ചൂണ്ടികാണിച്ച വിഷയങ്ങൾ പരിഗണിക്കും. നെൽവയലുകളിൽ തൂണുകളിലാണ് പാത കടന്ന് പോകുക. അരുവികളും സംരക്ഷിച്ചുമാത്രമെ നിർമാണം നടത്തൂ. ഇത്തരം പ്രായോഗികമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാൽ ചർച്ചചെയ്യാമെന്നും മറ്റുള്ള രാഷ്ര്‌ട്രീയ മുതലെടുപ്പിന് നിന്നുകൊടുക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.