പട്ന: വിദ്യഭ്യാസ മേഖലയിലെ നിലവാരത്തകർച്ച എത്രത്തോളം താഴാമെന്നതിന്‍റെ എറ്റവും വലിയ ഉദാഹരണമാണ് ബിഹാറിലെ സ്കൂളിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ. ഒരു സർക്കാർ സ്കൂളിൽ രണ്ട് അധ്യാപകർ ഒരു ക്ലാസ്റൂമിൽ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു ബോർഡിന്‍റെ രണ്ട് അറ്റങ്ങളിലായി ഒരാൾ ഉറുദുവും മറ്റൊരാൾ ഹിന്ദിയും പഠിപ്പിക്കുന്നതാണ് ദൃശ്യങ്ങളിൽ. ബിഹാറിലെ കതിഹാറിലുള്ള ആദർശ് മിഡിൽ സ്‌കൂളിലാണ് സംഭവം.
രണ്ട് അധ്യാപകരും മത്സരിച്ച് ക്ലാസെടുക്കുമ്പോൾ മുന്നിലിരിക്കുന്ന കുട്ടികൾക്ക് ഒന്നും പിടികിട്ടുന്നില്ലെന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആകെ അലങ്കോലമായ ക്ലാസ് റൂം നിയന്ത്രിക്കാൻ മൂന്നാമതൊരു അധ്യാപിക വടി കൊണ്ട് മേശപ്പുറത്ത് നിർത്താതെ അടിക്കുന്നുണ്ട്.
ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തങ്ങളുടെ സ്കൂളിൽ വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്തതാണ് ഇതിന്‍റെ കാരണമെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. ഒരേ ക്ലാസ് മുറിയിൽ ഒരേ സമയം കുട്ടികൾ വ്യത്യസ്ത വിഷയം പഠിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാൽ സ്കൂളിന് ക്ലാസ് മുറികൾ അനുവദിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.