തിരുവനന്തപുരം : മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.