ദില്ലി : യുദ്ധരംഗത്തു ഡ്രോണുകളുടെയും സൈബര്‍ യുദ്ധത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘര്‍ഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് കണക്കിലെടുത്തു കൊണ്ട് പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സായുധ സേനയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ ഒരു ‘ഭാവി ശക്തി’യായി വികസിപ്പിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെ, വളരെ സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ ഭൗമ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ ഒന്നിലധികം സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും അകത്തുനിന്നും നിരവധി തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏത് വെല്ലുവിളിയും നേരിടാനും ഏത് സുരക്ഷാ ഭീഷണിയും ശക്തമായി ചെറുക്കാനും നമ്മുടെ സായുധ സേന പൂര്‍ണ്ണമായും സജ്ജരായിരിക്കണമെന്ന്ആവശ്യപ്പെട്ടു.
ഈ അവസരത്തില്‍, ഭൗമ-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ , ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണമെന്നും നായിഡു പറഞ്ഞു. പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ നായിഡു, ഈ നിര്‍ണായക മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിനായി നിരവധി സംരംഭങ്ങള്‍ സ്വീകരിക്കുന്നതിന് ഗവണ്മെന്റിനെ അഭിനന്ദിച്ചു.