ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസിൽ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം പേരറിവാളനെ മോചിപ്പിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാനത്തിന്‍റെ വലിയ വിജയമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
സ്വാതന്ത്ര്യത്തിന്‍റെ പുതുശ്വാസം ശ്വസിക്കുന്ന പേരറിവാളന് ആശംസകൾ നേരുന്നതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പേരറിവാളന് ആശംസകളർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ ജയിൽ മോചനത്തിന് വേണ്ടി വർഷങ്ങളായി പോരാടി കൊണ്ടിരിക്കുന്ന അമ്മ അർപ്പുതമ്മാളിനെയും സ്റ്റാലിൻ അഭിനന്ദിച്ചു.
മകന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായവരാണ് അർപ്പുതമ്മാൾ. മനുഷ്യാവകാശങ്ങൾ മാത്രമല്ല സംസ്ഥാനത്തിന്‍റെ അവകാശങ്ങളെ കൂടി ഉയർത്തിപ്പിടിക്കുന്ന വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്- സ്റ്റാലിൻ പറഞ്ഞു.1991 മെയ് 21 നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അന്ന് 19 വയസ്സ് പ്രായമുള്ള പേരറിവാളനെ ജൂൺ 11 ന് സി.ബി.ഐ അറസ്റ്റ് ചെയ്തു.