ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം മൂലം തകർന്ന ശ്രീലങ്കയെയും ഇന്ത്യയെയും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഗ്രാഫ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. തൊഴിലില്ലായ്മ, ഇന്ധനവില, വർഗീയ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നോക്കുകയാണെങ്കിൽ ഇന്ത്യയും ശ്രീലങ്കയും ഏകദേശം ഒരുപോലെ തന്നെയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
2017 മുതലുള്ള തൊഴിലില്ലായ്മ നിരക്ക് പരിശോധിക്കുകയാണെങ്കിൽ 2020 വരെ വൻ വർധനയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ. അതിനുശേഷം തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ഏകദേശം ഒരുപോലെ തന്നെയാണ് പ്രകടമായിരിക്കുന്നത്.
ഇന്ധനവില വർധനവിന്റെ കാര്യത്തിൽ 2017 മുതൽ 2021 വരെ വൻ വർധനവാണ് കാണാനാകുന്നത്. വർഗീയ പ്രശ്നങ്ങളുടെ കണക്ക് നോക്കിയാലും 2020-21 കാലഘട്ടത്തിൽ ഇരുരാജ്യങ്ങളിലും സമാനരീതിയിൽ വർധനവുണ്ടായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്ക തകർന്നടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് രാഹുൽ ഗാന്ധി ഇത്തരത്തിലൊരു താരതമ്യം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.