ന്യൂഡൽഹി: ഡിആർഡിഒയും (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇന്ത്യൻ നാവികസേനയും തദ്ദേശീയമായി വികസിപ്പിച്ച കപ്പൽവേധ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയം. നാവികസേനയുടെ ഹെലികോപ്റ്ററിൽനിന്ന് ബുധനാഴ്ച വൈകുന്നേരം ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം. ദൗത്യം എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയെന്ന് പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ നാവികസേനയ്ക്കായി തദ്ദേശീയമായി വിക്ഷേപിച്ച ആദ്യത്തെ കപ്പൽവേധ മിസൈൽ സംവിധാനമാണിത്.
തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്റർ ലോഞ്ചർ ഉൾപ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകൾ മിസൈൽ വിക്ഷേപണത്തിനായി ഉപയോഗിച്ചു. അത്യാധുനിക നാവിഗേഷൻ സംവിധാനവും സംയോജിത ഏവിയോണിക്‌സും മിസൈൽ ഗൈഡൻസ് സംവിധാനത്തിൽ ഉൾപ്പെടുന്നു. ഡിആർഡിഒയിലെയും ഇന്ത്യൻ നാവികസേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരീക്ഷണത്തിനു സാക്ഷ്യം വഹിച്ചു.പരീക്ഷണ വിക്ഷേപണം നടത്തിയ ഡിആർഡിഒയെയും ഇന്ത്യൻ നാവിക സേനയെയും ബന്ധപ്പെട്ട സംഘങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.