കോഴിക്കോട് : ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ സ്വപ്നലോകത്താണ്. ഇന്ത്യൻ സൂപ്പർലീഗിൽ സംഭവിക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത അവസ്ഥ. അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന കളിയാണ് ടീം പുറത്തെടുക്കുന്നത്. ഒപ്പം തുടർവിജയങ്ങളും. കഴിഞ്ഞ ഏഴുസീസണുകളിൽ ആരാധകരുടെ മനംനിറയ്ക്കുന്ന കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് അപൂർവമായി മാത്രം. എട്ടാം സീസണിൽ പിന്നിട്ട ഏഴുമത്സരങ്ങളിലും ടീം നന്നായി കളിച്ചു. ചെന്നൈയിനെതിരേ ഇതുവരെ കാണാത്ത, ഹൈപ്രസ്സിങ്ങും പാസിങ് ഗെയിമും ടാക്റ്റിസുമുള്ള ടീമിനെ കണ്ടു. പ്രതിരോധിക്കുമ്പോൾ 5-3-2 ശൈലിയിലിലേക്കും ആക്രമണത്തിന് 3-5-2 ശൈലിയിലേക്കും മാറുന്ന ഗെയിംപ്ലാനാണ് ചെന്നൈയിന്റേത്. ആറുകളിയിലും അവരുടെ തന്ത്രം വിജയമായിരുന്നു. മൂന്നുജയവും രണ്ടുസമനിലയും അവർക്ക് സ്വന്തമായിരുന്നു. വഴങ്ങിയത് നാലുഗോളുകൾ മാത്രം.
ഇതുവരെയുള്ള കളികളിലൊന്നും ഒന്നിലേറെ ഗോളുകൾ വഴങ്ങിയിട്ടില്ല. ബ്ലാസ്റ്റേഴ്സിനെതിരേയും അവർ ഇതേ തന്ത്രം പുറത്തെടുത്തു. പ്രതിരോധമാണ് ചെന്നൈയിന്റെ നയമെന്ന് തിരിച്ചറിഞ്ഞ്, ശത്രുവിന്റെ മടയിൽ ആക്രമിക്കുകയെന്ന ഗെയിംപ്ലാനാണ് ബ്ലാസ്റ്റേഴ്സ് നടപ്പാക്കിയത്. 4-4-2 ഫോർമേഷന്റെ ആക്രമണരൂപമായ ഡയമണ്ട് ആകൃതിയിലാണ് ടീം കളിച്ചത്. ആദ്യ മിനിറ്റുമുതൽ ഹൈപ്രസ്സിങ് ഗെയിം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. പാസിങ് ഗെയിമിനൊപ്പം ലോങ് ബോളുകളും എതിർ ഹാഫിലേക്ക് എത്തിക്കൊണ്ടിരുന്നു. മുന്നേറ്റത്തിൽ യോർഗെ ഡയസും അൽവാരോ വാസ്ക്വസും പൊസിഷൻ വെച്ചുമാറി കളിച്ചു. വിങ്ങർമാരായ സഹൽ അബ്ദു സമദും അഡ്രിയൻ ലൂണയും ആക്രമണസമയത്ത് വിങ്ങുകളെ അധികം ഉപയോഗിക്കാതെ അകത്തേക്ക് കട്ടുചെയ്ത് കയറി കളിച്ചു.
ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൻ സിങ്ങും സെൻട്രൽ മിഡ്ഫീൽഡർ പുടിയയും പ്രതിരോധത്തിന് പ്രാധാന്യം നൽകി, പൊസിഷൻ സംരക്ഷിച്ച് കളിച്ചതുകൊണ്ടാണിത്. ഇരുവരും അധികം കയറി കളിക്കാതിരുന്നതോടെയുള്ള സ്പേസാണ് സഹലും ലൂണയും നന്നായി ഉപയോഗിച്ചത്. അതേസമയം, പന്ത് സ്വന്തം ഹാഫിലേക്ക് വരുമ്പോൾ ലൂണയും സഹലും പൊസിഷൻ സംരക്ഷിച്ച് കളിച്ചു. പന്ത് തിരിച്ചെടുക്കുന്നതിൽ ഇരുവരും മികവുകാട്ടിയതോടെ ചെന്നൈയിന്റെ അതിവേഗ പ്രത്യാക്രമണം ഫലവത്തായില്ല. ഡയസ് മുന്നേറ്റത്തിൽ കഠിനാധ്വാനിയാണ്. വാസ്ക്വസ് ക്ലിനിക്കൽ ഫിനിഷറും. ലൂണ ഭാവനാസമ്പന്നൻ. സഹൽ ഫൈനൽ തേഡിൽ കൂടുതൽ അപകടകാരിയും. ഈ വ്യത്യസ്തതയാണ് ബ്ലാസ്റ്റേഴ്സിന്റെ നാൽവർ സംഘത്തെ അപകടകാരികളാക്കുന്നത്. ഇതിനൊപ്പം ഉറച്ച പ്രതിരോധവുമുണ്ട്.
മുംബൈയുടെ പേരുകേട്ട ആക്രമണത്തെ തടഞ്ഞ ടീം, ചെന്നൈയിനെതിരേയും ആ മികവു തുടർന്നു. സെൻട്രൽ ഡിഫൻഡർമാരായ മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം എന്നിവർക്കൊപ്പം ജീക്സൻ സിങ്ങിന്റെ മികവും പ്രധാനമാണ്. ജീക്സൻ ടീമിന്റെ നിശ്ശബ്ദനായ പോരാളിയാണ്. മുംബൈക്കെതിരേ പന്ത് കൈവശംവെച്ച് എതിർ ആക്രമണങ്ങളുടെ വേഗവും താളവും തെറ്റിക്കാനാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ശ്രമിച്ചതെങ്കിൽ ഇക്കുറി ഹൈ പ്രസ്സിങ് ഗെയിം പുറത്തെടുത്ത് എതിരാളിയുടെ താളംതെറ്റിച്ചു.