അലഹാബാദ് : ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും കൂടിച്ചേരലുകളും നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി അഭ്യര്‍ഥിച്ചു. മറ്റൊരു കേസ് പരിഗണിച്ചു കൊണ്ടിരിക്കെ ആയിരുന്നു ജസ്റ്റിസ് ശേഖര്‍ യാദവിന്റെ പരാമര്‍ശം. റാലികള്‍ നിരോധിച്ചില്ലെങ്കില്‍ രാജ്യത്തെ കോവിഡ് സ്ഥിതി രണ്ടാം തരംഗത്തേക്കാള്‍ രൂക്ഷമാകും. ജീവനുണ്ടെങ്കിലേ ലോകം ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.
കോടതിയില്‍ നിരവധി കേസുകള്‍ക്ക് വേണ്ടി ദിവസവും എത്തുന്ന ആള്‍ക്കൂട്ടത്തിന്റേയും സാമൂഹിക അകലം പാലിക്കാത്തതിന്റേയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ശേഖറിന്റെ പരാമര്‍ശം. പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയെന്നും ഇത് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും കൂടിച്ചേരലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിക്കണമെന്നും പ്രചാരണത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു.