ദോഹ: സമൂഹ മാധ്യമങ്ങൾവഴിയുള്ള പ്രതിദിന കോവിഡ് കണക്ക് പ്രഖ്യാപനം ഞായറാഴ്ച വരെ മാത്രം. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. എന്നാൽ, ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ദിവസവും രാജ്യത്തെ കോവിഡ് കണക്കുകളും, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ വിശദാംശങ്ങളും, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണവുമെല്ലാം പ്രസിദ്ധീകരിക്കും.
ആഴ്ചയിലൊരിക്കൽ മാത്രമായിരിക്കും സമൂഹ മാധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്ഡേഷൻ ഉണ്ടാവൂ. മേയ് 30 മുതൽ എല്ലാ തിങ്കളാഴ്ചയും അതത് ആഴ്ചയിലെ കോവിഡ് സ്റ്റാറ്റസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കും. 2020ൽ കോവിഡ് റിപ്പോർട്ട് ചെയ്തത് മുതലാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും ഉൾപ്പെടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. മന്ത്രാലയത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള പേജുകളിൽ ഇവ മുടങ്ങാതെ പ്രസിദ്ധീകരിക്കാറുണ്ട്.