പാലക്കാട്: ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ‘ഗോത്രകിരണം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബശ്രീ നേതൃത്വത്തില്‍ പട്ടികവര്‍ഗ മേഖലയിലെ യുവതയ്ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും നടപ്പാക്കുന്ന ഗോത്രകിരണം ചരിത്രത്തിലെ നാഴികക്കല്ലാവും. ഗോത്ര വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള ഏറ്റവും നല്ല വഴി വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെയും തൊഴില്‍ നല്‍കുന്നതിലൂടെയും മാത്രമേ അവരെ മുന്നോട്ടു കൊണ്ടുവരാനാവു. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കൃത്യമായ വേതനം ലഭിക്കുന്ന തൊഴില്‍ ഉറപ്പാക്കണം.
വിദ്യാഭ്യാസവും ജോലിയും നേടുന്നവര്‍ ഗോത്ര വിഭാഗത്തില്‍ ഉണ്ടായാലേ കോളനികളില്‍ വലിയ മാറ്റം ഉണ്ടാക്കാനാവൂ. അതിനായാണ് പൊലീസില്‍ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ 100 പേരെ നിയമിച്ചത്. എക്‌സൈസിലും അത്തരത്തില്‍ 100 പേര്‍ക്ക് നിയമനം നല്‍കാനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി സേതുമാധവന്‍, കേരള പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഇ ചന്ദ്രബാബു, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ–ഓര്‍ഡിനേറ്റര്‍ പി സെയ്തലവി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം മരുതി മുരുകന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ റീത്ത, പ്രോജക്ട് ഓഫീസര്‍ മനോജ് ബാലന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിരേഖ മരുതി മുരുകന് നല്‍കി മന്ത്രി എം വി ഗോവിന്ദന്‍ പ്രകാശിപ്പിച്ചു.