ന്യൂഡൽഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പ്രാവര്‍ത്തികമാകുന്ന പരിഹാരങ്ങൾ നിര്‍ദേശിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ സൗഹാർദ്ദപരമായി പ്രവര്‍ത്തിക്കണം. ജിഎസ്ടി കൗണ്‍സില്‍ നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ല.
ശുപാര്‍ശകള്‍ക്ക് ഉപദേശക സ്വാഭാവം മാത്രമേയുള്ളൂ എന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഭരണഘടനയുടെ അനുഛേദം 246എ പ്രകാരം നികുതി കാര്യങ്ങളില്‍ പാര്‍ലമെന്‍റിനും നിയമസഭകള്‍ക്കും തുല്യ അധികാരമാണ്. അതിനാല്‍ പരസ്പരം ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെന്ന് പറയുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തരമായ ആശയവിനിമയമാണെന്നും വിധിയില്‍ പറയുന്നു.
അതേസമയം, ജിഎസ്ടിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്‍റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് സുപ്രീംകോടതി വിധി. ജിഎസ്ടി നടപ്പിലാക്കാന്‍ ആലോചന തുടങ്ങിയ കാലം മുതല്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചത് സാധൂകരിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും ധനമന്ത്രി പറഞ്ഞു.