തൃക്കാക്കര : തൃക്കാക്കരയിൽ മറുകണ്ടം ചാടിയത് പാർട്ടിയിലെ മാലിന്യങ്ങളെന്ന് കെ മുരളീധരൻ എം പി. അവർ സ്വയം പുറത്തുപോയാൽ കോൺഗ്രസ് ശുദ്ധീകരിക്കപ്പെടും. എറണാകുളത്ത് സിപി ഐ എമ്മിൽ നിന്നും അടിയൊഴുക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ ഇടതു പാളയത്തിൽ എത്തിയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തുടർ ഭരണത്തിന്റെ പേരിൽ നെഗളിച്ചാൽ ത്രിപുരയും ബംഗാളും ആവർത്തിക്കും. സർക്കാർ അത് ഓർക്കുന്നത് നല്ലതാണ്. സി പിഐ എമ്മിന്റെ ആശയ ദാരിദ്ര്യമാണ് സുധാകരനെതിരെ തിരിഞ്ഞത്. പാലാരിവട്ടത്ത് പാലത്തിൽ കുഴി കണ്ടതിനാണ് ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചെന്ന് അറസ്റ്റ് ചെയ്തത്.
കൂളിമാട് പാലത്തിലെ മൂന്ന് ബീം തകർന്നതിൽ കേസില്ല. കൂളിമാട് വന്നതോടെ തൃക്കാക്കരയിൽ പാലാരിവട്ടം ഉയർത്തി പ്രചാരണം നടത്താൻ സർക്കാറിന് കഴിയുന്നില്ല. ഇതാണ് സുധാകരനെതിരെ കേസെടുത്ത് ശ്രദ്ധ തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.