ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാങ്കേതിക സമിതിക്ക് സമയം നീട്ടി നൽകി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് സമയം നീട്ടി നൽകിയത്. 29 ഫോണുകൾ പരിശോധിച്ച് വരികയാണെന്നും മാധ്യമപ്രവർത്തകരിൽ നിന്നും മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നും സമിതി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
കൂടാതെ നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജഡ്ജിയോട് സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പഠിക്കാനും അദ്ദേഹത്തിന്‍റെ കണ്ടെത്തലുകൾ കോടതിയെ അറിയിക്കാനും സുപ്രീംകോടതി നിർദേശിച്ചു. അതേസമയം, ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ റിപ്പോർട്ട് പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഈ ആവശ്യത്തെ എതിർത്തു.
2021 ഒക്ടോബറിലാണ് ഇസ്രായേൽ ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് സർക്കാർ ഏജൻസികൾ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചത്. ചാരസോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയെന്ന വാർത്ത ന്യൂയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്.