ഇന്ന് അന്താരാഷ്ട്ര ചായദിനം. എല്ലാ വർഷവും മേയ് 21 നാണ് അന്താരാഷ്ട്ര ചായദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. നിരവധി കുടുംബങ്ങളുടെ വരുമാനമാർഗം കൂടിയാണ് തേയില അല്ലെങ്കിൽ ചായ വ്യവസായം. അന്താരാഷ്‌ട്ര തേയില ദിനം ആചരിക്കുന്നതിലൂടെ തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാൻ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നു. എണ്ണിയാലൊടുങ്ങാത്ത തരം ചായകളുണ്ട് ഈ ലോകത്ത്. കട്ടൻ ചായ, ഗ്രീൻ ടീ, വൈറ്റ് ടീ, യെല്ലോ ടീ, മസാല ചായ, തന്തൂരി ചായ അങ്ങനെ എത്രയോ തരം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചർമ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. വെറുമൊരു പാനീയം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ചായ നൽകുന്നുണ്ട്. ചായ കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ചായ സഹായിച്ചേക്കാം. സ്ഥിരമായി ഗ്രീൻ അല്ലെങ്കിൽ ബ്ലാക്ക് ടീ കുടിക്കുന്നവരിൽ ഹൃദ്രോഗസാധ്യത കുറയുന്നതായി ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഗ്രീൻടീയിലടങ്ങിയിട്ടുള്ള പോളിഫെനോളും ഫ്‌ലാവനോയ്ഡുകളും പ്രതിരോധശേഷി വർധിപ്പിക്കും.ഗ്രീൻ ടീയിലെ പോളിഫെനോൾസ് മാനസിക സംഘർഷം കുറയ്ക്കും. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഉത്തേജിപ്പിക്കുന്നതായി അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വ്യക്തമാക്കി.