കൊവിഡ് ലോകത്ത് വിതച്ച ഭീഷണിയും ആശങ്കയും അവസാനിക്കും മുമ്പ് കുരങ്ങുപനിയും ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. കുരങ്ങുപനിയെന്ന് സംശയിക്കുന്ന 50 കേസുകളിൽ നിരീക്ഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുകയാണ്. കൂടുതൽ കേസുകൾ വൈകാതെ സ്ഥിരീകരിക്കുമെന്ന് തന്നെയാണ് സൂചന.
എന്താണ് ആശങ്കയ്ക്ക് കാരണം?
കുരങ്ങുപനി ലോകത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. 1958-ലാണ് കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യനിലേക്ക് കുരങ്ങുപനിയെത്തിയത്. പിന്നീടിങ്ങോട്ട് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴായി കുരങ്ങുപനി സ്ഥിരീകരിച്ചു. 2017ൽ നൈജീരിയയിൽ കുറച്ചധികം കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ മധ്യ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന രോഗം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. ബ്രിട്ടൻ, സ്പെയിൻ, ജർമ്മനി, പോർച്ചുഗൽ, ബെൽജിയം, ഫ്രാൻസ്, നെതർലൻഡ്സ്, ഇറ്റലി, സ്വീഡൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. യൂറോപ്പിൽ രോഗം സ്ഥിരീകരിച്ച ഒരാളൊഴികെ ആരും ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചിട്ടുമില്ല. ഇവർക്ക് ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടുമില്ല. ഇതും ആശങ്ക കൂട്ടുന്ന വസ്തുതയാണ്.
മറ്റൊരു മഹാമാരിയാകുമോ?
കൊവിഡ് വ്യാപനത്തെ തുടർന്ന് പകച്ച് നിൽക്കുന്ന ലോകം കുരങ്ങുപനിയുടെ വ്യാപനത്തെയും ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ കുരങ്ങുപനി മറ്റൊരു മഹാമാരിയാകില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിതീവ്ര വ്യാപനമുള്ള വൈറസ് അല്ല ഇത്. എന്നാൽ രോഗിയുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് ബാധയുണ്ടാകാം. രോഗം ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗി സുഖം പ്രാപിക്കും. മരണനിരക്ക് പൊതുവെ കുറവാണെന്നതാണ് ആശ്വാസം. അതേസമയം കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗലക്ഷണങ്ങൾ
വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. സ്മാൾ പോക്സിനുള്ള വാക്സീൻ കുരങ്ങുപനിക്കും 85 ശതമാനത്തോളം ഫലപ്രദമാണെന്നതിനാൽ വാക്സിൻ വിതരണം ബ്രിട്ടനിൽ തുടങ്ങിക്കഴിഞ്ഞു. സ്പെയിൻ വാക്സീൻ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ്.
സ്വവർഗാനുരാഗികൾക്ക് മുന്നറിയിപ്പ്
രോഗം ബാധിച്ച നിരവധി പേർ സ്വവർഗാനുരാഗികളായ പുരുഷൻമാരാണെന്നതാണ് മറ്റൊരു വസ്തുത. ഇത് യാദൃച്ഛികം മാത്രമാണോ , അതല്ല, സ്വവർഗാനുരാഗികളിൽ രോഗവ്യാപന സാധ്യത കൂടുതലുണ്ടോ എന്നൊന്നും പറയാറായിട്ടില്ലെന്ന് വിദഗ്ധർ തന്നെ പറയുന്നു. എങ്കിലും ശരീരത്തിൽ പാടുകളോ കുമിളകളോ കണ്ടാൽ സ്വവർഗാനുരാഗികളായ പുരുഷൻമാർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ബ്രിട്ടനിൽ വിദഗ്ധർ നൽകിയിരിക്കുന്ന അറിയിപ്പ്.
എന്താകും വ്യാപനത്തിന് പിന്നിൽ?
മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കുരങ്ങുപനി വ്യാപനം എങ്ങനെ സംഭവിച്ചെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേരത്തെയുള്ള വൈറസ് തന്നെയാണോ അതോ രൂപമാറ്റം സംഭവിച്ചോ എന്നും വ്യക്തമാകാനുണ്ട്. കൊവിഡ് ലോക്ഡൗണുകൾക്ക് ശേഷം യാത്രകൾ കൂടിയപ്പോൾ രോഗം ആഫ്രിക്കയിൽ നിന്ന് മറ്റ് രാജ്യങ്ങളിലുമെത്തിയെന്ന് കരുതാം. അപ്പോഴും വിദേശത്തേക്ക് യാത്ര ചെയ്യാത്തവരിൽ രോഗമെങ്ങിനെയെത്തിയെന്ന് കണ്ടെത്തുക,തുടർന്നുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ നിർണായകമാകും.