ദില്ലി: പാകിസ്ഥാന് സൈനിക വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേനാംഗമായ പ്രദീപ് കുമാറിനെയാണ് ശനിയാഴ്ച രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിലൂടെയാണ് പാകിസ്ഥാൻ ഐഎസ്ഐ ഏജന്റായ യുവതിക്ക് 24കാരനായ സൈനികൻ വിവരങ്ങൾ ചോർത്തിയത്. ജോധ്പൂരിൽ താമസിക്കുന്ന സൈനികൻ ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി പരിചയത്തിലായത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ഛദം എന്ന പേരിലാണ് യുവതി പരിചയപ്പെടുത്തിയത്. ബംഗളൂരുവിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും പാകിസ്ഥാൻ ഏജന്റായ യുവതി സൈനികനെ വിശ്വസിപ്പിച്ചു.
യുവതിയുടെ ആവശ്യപ്രകാരം കുമാർ വിവാഹത്തിനെന്ന വ്യാജേന ദില്ലിയിലെത്തി ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ കരസ്ഥമാക്കി പാകിസ്ഥാൻ യുവതിക്ക് കൈമാറി. ചിത്രങ്ങളടക്കമുള്ള രേഖകളാണ് ഇയാൾ കൈമാറിയത്. സൈനികനും പാകിസ്ഥാൻ യുവതിയും ആറ് മാസം മുമ്പ് വാട്‌സ്ആപ്പ് വഴി പരസ്പരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
രഹസ്യരേഖകളുടെ ചിത്രങ്ങൾ പാക് ഏജന്റിന് വാട്‌സ്ആപ്പ് വഴി കൈമാറിയതായും മറ്റ് സൈനികരെ ബലിയാടാക്കാനുള്ള ശ്രമങ്ങൾ നടന്നതായും ഇന്റലിജൻസ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു. കുമാറിന്റെ മറ്റൊരു സുഹൃത്തും കുറ്റകൃത്യത്തിൽ പങ്കാളിയാണ്. ചാരവൃത്തി ആരോപിച്ച് ചോദ്യം ചെയ്യുന്നതിനായി മെയ് 18 ന് രാജസ്ഥാൻ പൊലീസ് കുമാറിനെ കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.