കോഴിക്കോട് : സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചിത്വത്തെ കുറിച്ചും ഈടാക്കുന്ന വിലയെ കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന കാലമാണ്. കാസർകോട്ട് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം നാട്ടിലെങ്ങും പരിശോധനകൾ ശക്തമാക്കിയിരിക്കുന്നു. എന്നാൽ ഇതു കൊണ്ടൊന്നും ഹോട്ടലുകളുടെ ശുചിത്വം ഉയർന്നിട്ടില്ലെന്നും അമിത വില ഈടാക്കൽ തുടരുകയാണെന്നും സൂചന നൽകുകയാണ് മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയും ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനുമായ പി എം മനോജ് .
കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോം ഹോട്ടലിനെ കുറിച്ചുള്ള മനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. “38 രൂപ പത്തു പൈസയാണ് കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിൽ ഒരു ചപ്പാത്തിയുടെ (കറിയില്ല – ചപ്പാത്തി മാത്രം) വില. മേശയിൽ വിരുന്നെത്തുന്ന ഈച്ചക്കൂട്ടത്തിൻ്റെ സേവനം ഫ്രീ. ” ഇതാണ് മനോജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പോസ്റ്റിനെ അനുകൂലിച്ചും പരിഹസിച്ചുമുള്ള കമന്റുകളും വന്നിട്ടുണ്ട്.
ഹോട്ടലിലെ ഉയർന്ന വിലയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി തന്നെ പരാതി പറയുന്നതിന്റെ പേരിലാണ് ചിലരുടെ പരിഹാസം. മനോജിന്റെ പരാതി ന്യായമാണെന്ന് മറ്റു ചിലർ പറയുന്നു. സർക്കാരിന്റെ ന്യായവില ഹോട്ടലുകൾ ഉള്ളപ്പോൾ എന്തിന് അമിത വില ഈടാക്കുന്ന സ്വകാര്യ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്നും ചിലർ ചോദിക്കുന്നുണ്ട്. മനോജിന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ തന്നെ പ്രധാന സ്വകാര്യ ഹോട്ടലിനെതിരെ നടപടി ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നത് അടുത്തിടെ ഭരണകക്ഷി എംഎൽഎ പി പി ചിത്തരഞ്ജനും ഹോട്ടലുകളിലെ അമിത വിലയ്ക്കെതിരെ രംഗത്തു വന്നിരുന്നു.
ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ ഉയര്‍ത്തിയ പരാതി. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തു. ഒടുവിൽ എംഎല്‍എയുടെ പരാതിയില്‍ പറയുന്ന ഹോട്ടലില്‍ മുട്ട റോസ്റ്റിന്‍റെയും അപ്പത്തിന്‍റെയും വില കുറച്ചിരുന്നു.