വിതുര: തിരുവനന്തപുരം വിതുര മേമലയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ശെൽവരാജിന്‍റെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തിയത്.
വീട്ടിൽ വാടയക്ക് താമസിക്കുന്ന കുര്യനെന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അനുമതിയില്ലാതെ പന്നിക്കെണി വച്ചതിനാണ് നടപടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പൊലീസ് തീരുമാനം. ശെൽവരാജ് മേഖലയിൽ എന്തിന് എത്തി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അടക്കം പരിശോധിച്ച ശേഷമാകും തുടർ നടപടി.ശെൽവരാജിനെ കാണാനില്ലെന്ന പരാതി ഭാര്യ മാരായിമുട്ടം പൊലീസിൽ നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിൻ്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വീടിന് പതിനഞ്ചു മീറ്റർ മാറി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. കമിഴ്ന്ന് കിടന്ന മൃതദേഹത്തിൻ്റെ ഇടതുകാൽ മുട്ടിനു താഴെ കണങ്കാലിനു മുകളിലായി കമ്പി കാണപ്പെട്ട സ്ഥലത്ത് പൊള്ളലേറ്റു കരിഞ്ഞ പാടുകളുമുണ്ട്. എന്തിന് ഇയാൾ മേമലയിൽ എത്തി എന്നതിന് ദുരൂഹത ഉണ്ട്. ആരെ കാണാൻ വന്നു, എവിടെ വന്നു എന്നതിനെ കുറിച്ച് വിതുര പൊലീസ് അന്വേഷിക്കുന്നുണ്ട്.