കൊളംബോ : ക്രമസമാധാന നില മെച്ചപ്പെട്ടതിനെത്തുടർന്നു ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് ഈ മാസം 6ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്.പ്രക്ഷോഭത്തിൽ ഇതുവരെ 10 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ സർക്കാർ അനുകൂല വിഭാഗം രംഗത്തുവന്നതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സർക്കാർ അനുകൂല വിഭാഗത്തെ ഇളക്കിവിടാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഐജി ചന്ദന ഡി. വിക്രമരത്‌നയെ സിഐഡി വിഭാഗം ചോദ്യം ചെയ്തു.
ഈ മാസം 9ന് ആണ് സർക്കാരിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്കെതിരെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെ അനുകൂലിക്കുന്ന ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത്. അക്രമം തടയരുതെന്ന് ഐജി ചന്ദന ഡി. വിക്രമരത്‌ന തന്നോട് ആവശ്യപ്പെട്ടതായി ഡിഐജി ദേശബന്ധു തെന്നാകൂൻ വെളിപ്പെടുത്തിയിരുന്നു. മഹിന്ദ രാജപക്സെയുടെ മകനും മുൻ മന്ത്രിയുമായ നമാൽ രാജപക്സയെയും സിഐഡി വിഭാഗം ചോദ്യം ചെയ്തു.