കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ഇപ്പോൾ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോർജിയയിലുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി. ജോർജിയയിൽ ഇന്ത്യക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്.
പാസ്പോർട്ട് റദ്ദാക്കി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ പ്രതി വിജയ്ബാബുവിനു കീഴടങ്ങേണ്ടിവരുമെന്നാണു സിറ്റി പൊലീസിന്റെ പ്രതീക്ഷ. 24നുള്ളിൽ കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ഒരു വെബ്സീരീസിനു വേണ്ടി വിജയ്ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറി. മലയാള നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പൊലീസിനോടു തിരക്കിയിട്ടുണ്ട്.