തിരുവനന്തപുരം: നാലു ലക്ഷത്തിലധികം വിദ്യാർഥികൾക്കു ലാപ്ടോപ് നൽകാൻ ജനങ്ങളിൽനിന്ന് 700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട സർക്കാരിനു ലഭിച്ചതു 2.99 കോടി രൂപ മാത്രം! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വിദ്യാകിരണം പോർട്ടലിൽ ലഭിച്ച തുക ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ടെൻഡർ വിളിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റിനെ ചുമതലപ്പെടുത്തിയതിനെത്തുടർന്നാണു ധന വകുപ്പ് തുക വെളിപ്പെടുത്തിയത്. പ്രഖ്യാപിച്ചു 10 മാസമായിട്ടും പദ്ധതി നടപ്പാക്കാത്തതു പണമില്ലാത്തതുകൊണ്ടാണെന്ന് ഇതോടെ വ്യക്തമായി. ലോകമെങ്ങുമുള്ള മലയാളികളിൽനിന്നാണു പോർട്ടലിലേക്കു സംഭാവന അഭ്യർഥിച്ചിരുന്നത്. ഒട്ടേറെ വാഗ്ദാനങ്ങൾ ലഭിച്ചതായി തുടക്കത്തിൽ സർക്കാർ അവകാശപ്പെട്ടിരുന്നു.
പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഐടി മിഷൻ വിളിച്ച ടെൻഡർ, വിലയിൽ ധാരണയാകാത്തതിനാൽ റദ്ദാക്കിയിരുന്നു. നിയമസഭയിൽ ഉൾപ്പെടെ വിഷയം ചർച്ചയായിട്ടും പിന്നീട് ടെൻഡർ വിളിക്കാൻ സർക്കാർ താൽപര്യപ്പെട്ടില്ല. ഐടി മിഷനാണോ, കൈറ്റ് ആണോ ടെൻഡർ വിളിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടെന്നായിരുന്നു വിശദീകരണം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കൈറ്റിനെ ചുമതലപ്പെടുത്തിയെങ്കിലും ഉത്തരവിറങ്ങിയതു പിന്നെയും രണ്ടു മാസം വൈകിയാണ്.
ആകെ എത്ര രൂപയുടെ ഉപകരണങ്ങൾ വാങ്ങാനാണു ടെൻഡർ വിളിക്കേണ്ടതെന്നു മാർച്ചിൽ വിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. പ്രതീക്ഷിച്ച തുക ലഭിക്കാത്തതും ലഭിച്ച തുക തീരെ കുറഞ്ഞുപോയതുമായിരുന്നു കാരണം. വാഗ്ദാനം ചെയ്യപ്പെട്ട തുക പിരിച്ചെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും നോർക്കയുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ നടത്തിയ ശ്രമം കാര്യമായി വിജയിച്ചുമില്ല. ഇതേത്തുടർന്നാണ് 2.99 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ആ തുകയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങാമെന്നും ധനവകുപ്പ് വിദ്യാഭ്യാസവകുപ്പിനെയും കൈറ്റിനെയും അറിയിച്ചത്.
സ്വകാര്യ, പൊതുമേഖലാ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കൈറ്റ് 85 ലക്ഷം രൂപയുടെ ലാപ്ടോപ്പുകൾ വാങ്ങി 477 വിദ്യാർഥികൾക്കു വിതരണം ചെയ്തു. ശരാശരി 18250 രൂപയാണ് ഒന്നിനു ചെലവായത്. ഇതനുസരിച്ച് 2.99 കോടി രൂപ ഉപയോഗിച്ച് പരമാവധി 1640 ലാപ്ടോപ്പുകൾ മാത്രമേ വാങ്ങാനാവുകയുള്ളൂ. എത്രയെണ്ണം വാങ്ങണമെന്നും ഏതു തരം വേണമെന്നും കൈറ്റിന്റെ സാങ്കേതിക സമിതി യോഗം ചേർന്നു തീരുമാനിക്കും. സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള 477 ലാപ്ടോപ്പിനു പുറമേ, നേരത്തേ സർക്കാർ പ്രഖ്യാപിച്ച് വിജയം കാണാതെ പോയ വിദ്യാശ്രീ പദ്ധതിയിൽ ലഭിച്ച 45313 ലാപ്ടോപ്പുകളും വിദ്യാകിരണം പദ്ധതിയുടേത് എന്ന പേരിൽ വിദ്യാർഥികൾക്കു നൽകിയിരുന്നു.