ദില്ലി : എൻഎസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഊർജിതമാക്കി സിബിഐ. ദേശീയ ഓഹരി വിപണിയുടെ അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേൻ, മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രമണ്യൻ എന്നിവർക്കെതിരെ സിബിഐ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. ഓഹരി വിപണി തുടങ്ങുന്നതിന് മുമ്പേ എൻഎസ്ഇയുടെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ചില ഇടപാടുകാർക്കും സ്ഥാപനങ്ങൾക്കും ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ.
ഇതിൻ്റെ ഭാഗമായി ഇന്നലെ ദില്ലിയടക്കം പന്ത്രണ്ട് ഇടങ്ങളിൽ ഓഹരി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. വിവരങ്ങൾ ചോർത്തി നൽകാൻ ഒത്താശ ചെയ്ത ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയിലെയും കൂടാതെ എൻഎസ്ഇയിലെയും ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര.
ഈ കാലയളവിൽ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി. എന്നാൽ ഇയാൾ ആരെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളുമായുള്ള ചിത്രയുടെ ആശയവിനിമയം അടിമുടി ദുരൂഹമെന്നാണ് സെബിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ചിത്രയുടെ അറസ്റ്റിലേക്കെത്തിയത്.
എന്‍എസ്ഇ എംഡിയായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോർട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരിൽ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ സിബിഐ ചോദ്യം ചെയ്തു. ആദായനികുതി വകുപ്പ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡും നടത്തിയിരുന്നു.