തിരുവനന്തപുരം : ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍. നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി വഴിതിരിച്ചുവിട്ടവയാണ്.
കൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ വേണാട് ട്രെയിനിന്റെ സമയത്ത് ഒരു മെമു സര്‍വീസ് നടത്തും. ഇത് രണ്ടുഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. പരശുരാമിന് പകരം മംഗലാപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.