കാബൂൾ : സ്ത്രീകൾ പൊതുസ്ഥലത്ത് മുഖമുൾപ്പെടെ ശരീരം പൂർണമായി മറയ്ക്കണമെന്ന താലിബാന്റെ ഉത്തരവിനെ വെല്ലുവിളിച്ച് വനിതാ അവതാരകർ. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകർ ശനിയാഴ്ച മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചു. അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ സ്ത്രീകകൾക്ക് പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണമാണ് താലിബാൻ ഏർപ്പെടുത്തിയിരുന്നത്. ഈ മാസമാദ്യം അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദ സ്ത്രീകൾ പരമ്പരാഗത ബുർഖ ഉപയോഗിച്ച് മുഖം ഉൾപ്പെടെ മറച്ചുമാത്രമേ പൊതുസ്ഥലത്ത് എത്താവൂഎന്ന് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സർക്കാറിന്റെ ഉത്തരവ് പാലിക്കണമെന്ന് ടിവി അവതാരകരോട് അഫ്ഗാൻ ധാർമിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രമുഖ ചാനലുകളായ ടോളോ ന്യൂസ്, ഷംഷാജ് ടിവി, വൺ ടിവി എന്നിവെരെല്ലാം ഉത്തരവ് ലംഘിച്ച് വനിതാ അവതാകരെ മുഖം മറയ്ക്കാതെയാണ് പരിപാടികൾ അവതരിപ്പിച്ചത്.
വനിതാ സഹപ്രവർത്തകർ ഇപ്പോൾ അവരുടെ മുഖം മറച്ചാൽ, അടുത്തതായി അവരോട് ജോലി നിർത്താൻ പറയും. അതുകൊണ്ടുതന്നെ ഉത്തരവ് അനുസരിക്കില്ലെന്നും ഷംഷാദ് ടിവി ന്യൂസ് ഹെഡ് ആബിദ് എഹ്‌സാസ് പറഞ്ഞു. ഈ വിഷയത്തിൽ താലിബാനുമായി കൂടുതൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിസ്റ്റുകൾ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ നിരവധി വനിതാ മാധ്യമപ്രവർത്തകർ രാജ്യം വിടാൻ താലിബാൻ ഉത്തരവുകൾ കാരണമായതായി മറ്റൊരു വനിതാ അവതാരക പറഞ്ഞു.
അതേസമയം വനിതാ മാധ്യമപ്രവർത്തകർക്കെതിരെ താലിബാൻ രംഗത്തെത്തി. വനിതാ അവതാരകർ താലിബാൻ നിർദേശം ലംഘിക്കുകയാണെന്ന് വൈസ് മന്ത്രാലയ വക്താവ് മുഹമ്മദ് സദേഖ് അകിഫ് മൊഹാജിർ പറഞ്ഞു. നിയമം അനുസരിച്ചില്ലെങ്കിൽ അവതാരകരുടെ മാനേജർമാരുമായും രക്ഷിതാക്കളുമായും സംസാരിക്കും. സംവിധാനത്തിനും സർക്കാരിനും കീഴിൽ ജീവിക്കുന്ന ഏതൊരാളും ആ വ്യവസ്ഥയുടെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കണമെന്നും അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
പുതിയ ഡ്രസ് കോഡ് പാലിക്കുന്നില്ലെങ്കിൽ വനിതാ സർക്കാർ ജീവനക്കാരെ പിരിച്ചുവിടണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ ഭാര്യമാരോ മക്കളോ സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ അവരെ സസ്പെന്റ് ചെയ്യും. വനിതാ അവതാരകരും മാനേജർമാരും രക്ഷിതാക്കളും പിഴ നൽകേണ്ടി വരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.