രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കൽ ,കൂടിയ ദാഹം,വിശപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇന്ന് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്. പ്രമേഹം തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ശരീരഭാരം നിയന്ത്രിക്കുക…
പ്രമേഹം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാരം നിയന്ത്രിക്കുക എന്നത്. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, ദൈനംദിന വ്യായാമം പ്രധാനമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക…
ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ നല്ല ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും, വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, പാസ്ത, പഞ്ചസാര അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ അല്ലെങ്കിൽ ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് പോലുള്ള പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
പുകവലി ഉപേക്ഷിക്കുക…
പുകവലി ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നവർക്ക് കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി കുറയും.
ആവശ്യത്തിന് വെള്ളം കുടിക്കുക….
ധാരാളം വെള്ളം കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
വ്യായാമം ചെയ്യുക…
നടക്കുക, നൃത്തം ചെയ്യുക, നീന്തുക, അല്ലെങ്കിൽ ഏതെങ്കിലും വ്യായാമം ദിവസവും 30 മിനിറ്റ് ചെയ്യുക. വ്യായാമം ഭാരം കുറയ്ക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
സ്ട്രെസ് ഒഴിവാക്കൂ…
സമ്മർദ്ദവും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സൈക്കോനെറോ എൻഡോക്രൈനോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സമ്മർദ്ദത്തോടെയിരിക്കുന്ന സമയത്ത് ഹോർമോൺ കോർട്ടിസോൾ പുറത്തുവിടുകയും ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.