തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. HB 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹമായത്. തിരുവനന്തപുരത്തെ ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം IB 117539 എന്ന നമ്പറിനാണ് ലഭിച്ചത്. ആലപ്പുഴ ചേർത്തലയിലെ ദേവാനന്ദ് എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ട് മണിയോടെയാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.