ദില്ലി : ലോക പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി ‘മാര്‍ച്ച് ഡു കാന്‍സി’ല്‍ ‘കാന്‍സ് നെക്സ്റ്റ്’ സംവാദ സെഷനില്‍ കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓഡിയോ വിഷ്വല്‍ ഗെയ്മിങ് മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ സ്റ്റാര്‍ട്ട് അപ്പുകളുമായി മന്ത്രി ആശയവിനിമയം നടത്തി. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി മാറിയിരിക്കുന്നു. ഒടിടി ഉള്‍പ്പെടെ, പുതിയ സാങ്കേതിക മേഖലകളിലേക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ഇന്ത്യ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിര്‍മാണത്തിന്റെ പുതിയ തലങ്ങളിലേക്കു വലിയ സംഭാവന നല്‍കാന്‍ ഇന്ത്യക്കു കഴിയുമെന്നു കേന്ദ്ര സഹ മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള 5 സ്റ്റാര്‍ട്ടപ്പുകള്‍ കാനില്‍ മത്സരാധിഷ്ഠിതമായി രംഗത്തുള്ളതില്‍ ആഹ്ലാദമുണ്ടെന്നു പറഞ്ഞ ഡോ. എല്‍ മുരുകന്‍, അവരുടെ ആശയങ്ങള്‍ നിര്‍മ്മാതാക്കളെയും മറ്റും സ്വാധീനിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിശാലമായ പ്ലാറ്റ്ഫോം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കും ഓഡിയോ വിഷ്വല്‍സ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേദിയൊരുക്കുന്നതിന് കാന്‍സ് നെക്സ്റ്റിലെ സംഘാടകരെ മന്ത്രി അഭിനന്ദിച്ചു.
വിനോദ മേഖലയുടെ ഭാവി കണ്ടെത്താന്‍ ശ്രമിക്കുന്ന പ്ലാറ്റ്ഫോമാണ് കാന്‍സ് നെക്സ്റ്റ്. നവീനാശയങ്ങള്‍ക്കുള്ള വികസന സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും. ലോകോത്തര സര്‍ഗ്ഗാത്മകതയെ പുതുപുത്തന്‍ വ്യവസായ മേഖലകളുമായും നവീന സാങ്കേതികവിദ്യകളുമായും കൂട്ടിയിണക്കി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ബിസിനസ്സ് അവസരങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന സവിശേഷമായ കൂട്ടായ്മയാണിത്.