തൊടുപുഴ: അടിമാലി മരംമുറി കേസിൽ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ കീഴടങ്ങി. മുൻകൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദേശം നൽകിയിരുന്നു. പട്ടയം ഉണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത് കൊണ്ടാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്ന് ജോജി ജോൺ പറഞ്ഞു.
അടിമാലി മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് റെയിഞ്ച് ഓഫീസർ ആയിരിക്കെ 8 തേക്ക് മരങ്ങൾ മുറിച്ച് കടത്തിയതാണ് കേസ്. കടത്തിയ തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഈ കേസിൽ ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്.
തിങ്കൾ തൊട്ട് മൂന്നു ദിവസം 11 മണി മുതൽ 5 മണിവരെ ഹാജരാകാനായിരുന്നു കോടതി നിർദേശം. ഇതേതുടർന്നാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ഇന്ന് രാവിലെ എത്തിയത്. താൻ നിരപരാധി ആണെന്നാണ് ജോജി ജോൺ പറയുന്നത്. .ചോദ്യം ചെയ്യലിനോട് ജോജി ജോൺ സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആയിരിക്കും ജോജി ജോണിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.നേര്യമംഗലം അടിമാലി റേഞ്ചുകളിൽ വ്യാപകമായി മരംമുറിക്ക് അനുമതി നൽകിയതിന് ജോജിക്കെതിരെ രണ്ട് കേസുകൾ വേറെയുമുണ്ട്. ഈ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.