കോഴിക്കോട്: വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി സമൂഹത്തിന് നല്‍കുന്ന പാഠമാണെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്ത്. സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസം നല്‍കുന്ന വിധിയാണുണ്ടായത്. മോള്‍ അനുഭവിച്ച യാതനകള്‍ക്കെല്ലാമുള്ള ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നും സമൂഹത്തിലെ ഒരുപാട് പേര്‍ക്കുള്ള താക്കീത് കൂടിയാണ് ഈ വിധിയെന്നും വിജിത്ത് പറഞ്ഞു.
എല്ലാ ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും അന്വേഷണ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ സാറിനോടും പ്രോസിക്യൂട്ടറായ മോഹന്‍രാജ് സാറിനോടും നന്ദി പറയുന്നു. എല്ലാവരുടെയും അകമഴിഞ്ഞ പ്രാര്‍ഥനയും പിന്തുണയും കൊണ്ടാണ് ഈ കേസ് നല്ലരീതിയില്‍ കോടതിക്ക് മുന്നിലെത്തിയത്. ഇത് സമൂഹത്തിലെ ഒരുപാട് പേര്‍ക്കുള്ള താക്കീത് കൂടിയാണ്.
മോളെ ഇനി തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവസാനംവരെ പോരാടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് കാരണം ഒരുപാട് പേര്‍ ഇപ്പോഴും ദുരിതം അനുഭവിക്കുന്നുണ്ട്. ഒരുപാട് പേര്‍ രക്തസാക്ഷികളായി. മോള്‍ മരിച്ചതിനു ശേഷവും പത്തിലേറെ പേരാണ് സ്ത്രീധനപീഡനം കാരണം കേരളത്തില്‍ മരിച്ചത്. അതിനാല്‍ ഈ വിധി ഒരു താക്കീതായാണ് കാണുന്നതെന്നും വിജിത്ത് പറഞ്ഞു.