ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ടോക്കിയോയിലെത്തും. ഇന്തോ പസഫിക് മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികളും ക്വാഡ് കൂട്ടായ്മ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ വിലയിരുത്തലുകളുമുണ്ടാകുമെന്നു മോദി പറഞ്ഞു.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായി തന്ത്രപ്രധാന സഹകരണം സംബന്ധിച്ച പ്രത്യേക ചർച്ചകളുണ്ടാകും. കിഷിതയുമായി മാർച്ചിൽ നടത്തിയ ചർച്ചയിൽ 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ലക്ഷം കോടി ജാപ്പനീസ് യെന്നിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
ജപ്പാൻ പ്രധാനമന്ത്രിക്കു പുറമേ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വിവിധ വിഷയങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ തുടർചർച്ചകൾ യുഎസ് പ്രസിഡന്റുമായി ഉണ്ടാകുമെന്ന് മോദി പറഞ്ഞു. ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയുമായി സമഗ്രസഹകരണ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും.ജപ്പാനിലെ ബിസിനസ് സമൂഹവുമായും ഇന്ത്യൻ സമൂഹവുമായും മോദി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നിവയടങ്ങിയ സൈനിക സാമ്പത്തിക സഹകരണ കൂട്ടായ്മയാണ് ക്വാഡ്.