ന്യൂഡൽഹി : കർണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും പെൺകുട്ടികൾക്ക് ഹിജാബ് വിലക്കിയതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ലോക വനിത ബോക്‌സിങ് ചാമ്പ്യൻ നിഖാത് സരീൻ.
”ഒരാളുടെ വസ്ത്രധാരണം അവരുടെ ചോയ്സാണ്. അതിൽ എനിക്ക് അഭിപ്രായം പറയാനാവില്ല. എനിക്ക് എന്റേതായ ചോയ്സുണ്ട്. അവ ധരിക്കാൻ എനിക്ക് ഇഷ്ടവുമാണ്. അത് ധരിക്കുന്നതിൽ എന്റെ കുടുംബത്തിനും വിരോധമില്ല. അതിനാൽ, ആളുകൾ എന്നെക്കുറിച്ച് എന്ത് പറയുന്നെന്ന് ഞാൻ കാര്യമാക്കുന്നില്ല” എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ പ്രതികരിച്ചു. അവർ ഹിജാബ് ധരിക്കുകയും അവരുടെ മതം പിന്തുടരുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും തനിക്ക് അതിൽ കുഴപ്പമില്ലെന്നും അവർ പറഞ്ഞു.
ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തുന്ന പെൺകുട്ടികളെ കർണാടകയിലെ ചില വലതുപക്ഷ ഗ്രൂപ്പുകൾ എതിർക്കുകയും സർക്കാർ ഇത്തരം വസ്ത്രങ്ങൾക്ക് വിദ്യാലയങ്ങളിൽ നിരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ശിരോവസ്ത്ര വിവാദം കത്തിപ്പടർന്നിരുന്നു. കർണാടക ഹൈകോടതി നിരോധനം ശരിവെക്കുകയും അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് വിധിക്കുകയും ചെയ്തു. ഇതിനെതിരായ ഹരജി സുപ്രീം കോടതി പരിഗണനയിലാണ്.