വാരാണസി : ഗ്യാൻവാപി കേസിൽ (Gyanvapi Case) വിശദമായി വാദം കേൾക്കുന്നത് സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്ന് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും (Varanasi Court). കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി സിവിൽ കോടതിയിലുണ്ടായിരുന്ന രേഖകൾ ജില്ല കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിവിൽ കോടതിയിൽ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
പ്രാർത്ഥനക്ക് അനുവാദം തേടി ഹിന്ദു സ്ത്രീകൾ നൽകിയ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നോ എന്ന വിഷയമാകും ആദ്യം പരിഗണിക്കുക. 1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന് അനുസബന്ധമായ സർവേ റിപ്പോർട്ടും കോടതി പരിഗണിക്കും. വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലാണ് 30 മിനിറ്റ് നീണ്ട വാദം നടന്നതിന് ശേഷമാണ് വിശദമായ ഉത്തരവ് ഇന്ന് ഇറക്കാമെന്ന് കോടതി വ്യക്തമാക്കിയത്.