കൊച്ചി : നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നാണ് നടി ആരോപിക്കുന്നത്. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു.
ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് പരിഗണിക്കുക. ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി സ്വയം പിന്മാറിയില്ലെങ്കിൽ വാദം കേൾക്കുന്നതിൽ നിന്നും പിന്മാറാൻ അതിജീവിത ഇന്ന് ആവശ്യപ്പെടും.