കോട്ടയം : ഇന്ധനവിലയുടെ എക്സൈസ് ഡ്യൂട്ടി മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാനത്തെ പെട്രോൾ പമ്പുടമകൾ. നികുതി നേരത്തെയടച്ച് സ്റ്റോക്കെടുത്തതോടെയാണ് പമ്പുടമകൾ വെട്ടിലായത്. കേന്ദ്രസർക്കാർ ഇടപെട്ട് നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം. സാധാരണക്കാരന് ആശ്വാസമാകുന്ന കേന്ദ്രത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെയുള്ള തീരുമാനം നഷ്ടമുണ്ടാക്കിയെന്നാണ് പന്പുടമകളുടെ വാദം. അവധി ദിവസങ്ങൾ കണക്കിലെടുത്ത് കൂടുൽ സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവുണ്ട്.ഇത്തരത്തിൽ നേരത്തെ പണമടച്ച് സ്റ്റോക്ക് എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് പമ്പുടമകൾ പറയുന്നു.
കഴിഞ്ഞ ദീപാവലി സമയത്തും അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്ക് കരുതിയിരുന്നു. അന്ന് എക്സൈസ് ഡ്യൂട്ടി കുറച്ചത് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. നികുതി ഘട്ടം ഘട്ടമായി കുറയ്ക്കണമായിരുന്നു എന്നാണ് പന്പുടമകൾ പറയുന്നത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ധന വില പല മടങ്ങ് വർധിച്ചെങ്കിലും തങ്ങൾക്ക് കിട്ടുന്ന കമ്മീഷൻ അവസാനമായി വർധിപ്പിച്ചത് 2017 ൽ ആണെന്നു പന്പുടമകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത സ്റ്റോക്കെടുക്കുന്പോൾ ഇത്തവണ തങ്ങൾക്കുണ്ടായ നഷ്ടം കുറച്ച് പണം നൽകാൻ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്കും പന്പുടമകൾ കത്തയച്ചിട്ടുണ്ട്.