ടോക്കിയോ: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയിച്ചുവെന്നും ചൈന പരാജയപ്പെട്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലാണ് ജോ ബൈഡൻ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ചത്.‘മോദിയുടെ വിജയം ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണ്. ജനാധിപത്യപരമായി തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം, ചൈന, റഷ്യ തുടങ്ങിയ ഏകാധിപ്യഭരണം നടക്കുന്ന രാജ്യങ്ങളിലുണ്ടാകില്ല എന്ന സങ്കൽപ്പത്തിനെതിരെയുള്ള സൂചനയായിരുന്നു അത്’’– ബൈഡൻ പറഞ്ഞു. എന്നാൽ നേരത്തേ തയാറാക്കിയ പ്രസംഗത്തിൽ ഉൾപ്പെട്ട കാര്യമല്ല ബൈഡൻ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മോദിയും ബൈഡനും കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇൻഡോ–പസിഫിക് മേഖലയുടെ ശാക്തീകരണവും യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. ചൈന നടത്തുന്ന ആധിപത്യ ശ്രമങ്ങൾക്കിടയിൽ, മേഖലയിൽ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുവരുത്താനാണ് ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മ ശ്രമിക്കുന്നത്.