തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേത്. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാൻ സർക്കാരിനു കഴിഞ്ഞു.
എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകൾക്കു തടസ്സമില്ല. ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാടും വ്യക്തമായി. യുഡിഎഫ് ആയിരുന്നുവെങ്കിൽ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ പ്രതികരിച്ചിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞു.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹർജി നൽകിയത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.