ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി – ലണ്ടൻ വിമാനം മൂന്നു മണിക്കൂർ വൈകിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പു നൽകി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സേവനങ്ങൾ നൽകരുതെന്നും സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നുമാണ് ഡിജിസിഎ പറഞ്ഞിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് വിമാനം മൂന്നു മണിക്കൂർ വൈകിയത്. ചില ജീവനക്കാർ വിമാനത്തിലെത്താൻ താമസിച്ചെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു. ചില സീറ്റുകൾ ‘പ്രവർത്തിക്കുന്നില്ലാത്തതിനാൽ’ മറ്റു സീറ്റുകളിലേക്ക് യാത്രക്കാരെ മാറ്റിയതും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പുലർച്ചെ 2.45ന് പുറപ്പെടേണ്ട വിമാനം 5.45 ആയി പുറപ്പെട്ടപ്പോൾ. അതേസമയം, മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം വൈകിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
ബഹളത്തെത്തുടർന്ന് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തവർക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നു. ചില യാത്രക്കാർക്ക് സീറ്റ് ‘പ്രവർത്തിക്കുന്നില്ലെ’ന്നതിന്റെ പേരിൽ യാത്ര നിഷേധിക്കുകയും ചെയ്തു.
അതേസമയം, വിഷയത്തിൽ ഇടപെട്ട ഡിജിസിഎ ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ ബുക്കിങ്ങിന് നൽകരുതെന്ന് കർശന നിർദേശം എല്ലാ വിമാനക്കമ്പനികൾക്കും നൽകി. ഇതിൽ വീഴ്ച പറ്റിയാൽ ഗൗരവമായി കണക്കാക്കുമെന്നും അറിയിച്ചിട്ടുണ്ട്.