ഹൈദരാബാദ്: പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിൽ പ്രതിഷേധം. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
പ്രതിഷേധക്കാർ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പൊലീസുകാർക്കു പരുക്കേറ്റു. 20ലധികം പൊലീസുകാർക്കു പരുക്കേറ്റെന്നാണു വിവരം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.
ഏപ്രിൽ 4നാണ് കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനങ്ങളിൽനിന്ന് അഭിപ്രായം ക്ഷണിക്കുകയും ചെയ്തിരുന്നു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്.