കണ്ണൂർ: മോറിസ് കോയിൻ തട്ടിപ്പ് കേസിൽ കണ്ണൂരിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ. ജോഷിയെയാണ് (45) കണ്ണൂർ സിറ്റി അഡീഷനൽ എസ്.പി പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തത്. ഈ റാക്കറ്റിലെ പ്രധാന കണ്ണിയാണിയാൾ.
ഇതോടെ കേസിൽ കണ്ണൂരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. 1826 കോടിയോളം രൂപയാണ് തട്ടിപ്പുസംഘം പിരിച്ചെടുത്തത്. ഇതിൽ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് മണി ചെയിൻ മാതൃകയിൽ നിക്ഷേപകരിൽനിന്നും ഒമ്പത് കോടിയോളം രൂപയാണ് ജൂനിയർ കെ. ജോഷി പിരിച്ചെടുത്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ്. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് പി.പി. സദാനന്ദൻ അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് എൽ.ആർ ട്രേഡിങ്, മോറിസ് കോയിൻ എന്നീ വെബ്സൈറ്റുകളുടെ ഡേറ്റബേസ് കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽനിന്നും കണ്ടെത്തി. രണ്ടുലക്ഷത്തിലധികം ആളുകൾ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചു. 1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായും കണ്ടെത്തി. ഇതോടെ നിക്ഷേപകരുടെ വിശ്വാസം തട്ടിപ്പുസംഘം നേടിയെടുത്തു.
അവസാനം നിക്ഷേപിച്ചവർക്ക് പണം തിരികെ കിട്ടിയിട്ടില്ല. മലപ്പുറം തൊട്ട് കാസർകോട് വരെയുള്ള ആളുകളെയാണ് സംഘം കബളിപ്പിച്ചത്. ജൂനിയർ കെ. ജോഷിയെ അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.